08:46am 09 November 2026
NEWS
അഖില്‍ മാരാരുടെ പ്രസ്ഥാവന വസ്തുതാ വിരുദ്ധം സാബു ജേക്കബ്
28/07/2026  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഖില്‍ മാരാരുടെ പ്രസ്ഥാവന വസ്തുതാ വിരുദ്ധം സാബു ജേക്കബ്

കൊച്ചി : നിയമ സഭ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടിയില്‍ വന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞു. കൊട്ടാരക്കര സീറ്റ് ട്വന്റി20ക്ക് നല്‍കാമെന്ന് എന്‍.ഡി.എ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ സീറ്റ് ലഭിക്കാതെ പോയി. അതിന് പകരമായാണ് അഖിലിന് തൃക്കാക്കര സീറ്റ് പാര്‍ട്ടി നല്‍കിയത്. തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കാന്‍ അഖിലിന് താല്‍പര്യമില്ലായിരുന്നുവെങ്കില്‍ മത്സരിക്കേണ്ടിയിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. 

2015 മുതല്‍ പഞ്ചായത്ത്, നിയമ സഭ, പാര്‍ലമെന്റ്  തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പൂര്‍ണ്ണ ചെലവുകള്‍ വഹിച്ചത് പാര്‍ട്ടിയാണ്. ഇത്തവണയും നിയമ സഭയിലേയ്ക്ക് മത്സരിച്ച  19 സ്ഥാനര്‍ത്ഥികളുടെയും മുഴുവന്‍ ചിലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. ഒരു രൂപ പോലും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ മുടക്കേണ്ടി വന്നിട്ടില്ല. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര, 'എ ക്ലാസ്' സീറ്റായി പരിഗണിച്ചാണ് പാര്‍ട്ടി പോരാട്ടത്തിനിറങ്ങിയത്. മറ്റ് രണ്ട് മുന്നണികളെക്കാളും മികച്ച പ്രവര്‍ത്തനവും എന്‍.ഡി.എ മുന്നണിക്ക് തൃക്കാക്കരയില്‍ കാഴ്ച്ചവയ്ക്കാന്‍ സാധിച്ചു. 

ഇലക്ഷന് ശേഷം കൊല്ലം ജില്ല കേന്ദ്രീകരിച്ച് ട്വന്റി20 പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കൊല്ലം ജില്ലയുടെ പ്രസിഡന്റ് സ്ഥാനം അഖില്‍ ആവശ്യപ്പെട്ടിരുന്നു. അഖിലിന്റ ഈ ആവശ്യത്തില്‍ നിന്നു തന്നെ വ്യക്തമാണ് തിരഞ്ഞെടുപ്പ് വേളയിലോ, അതിന്  ശേഷമോ ട്വന്റി20 പാര്‍ട്ടിയില്‍ നിന്ന് യാതൊരുവിധ തിക്താനുഭങ്ങളും ഉണ്ടായിട്ടില്ലായെന്നത്.

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു വെന്നതിനപ്പുറം അഖില്‍ പാര്‍ട്ടിയുടെ ബൂത്ത് മുതല്‍ സംസ്ഥാനം വരെയുള്ള ഒരുഘടകത്തിന്റെയും ഭാരവാഹിയല്ല. 

പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവര്‍ക്ക് പറ്റിയ ഒരു പ്രസ്ഥാനമല്ല ട്വന്റി20യെന്ന് സാബു ജേക്കബ് കൂട്ടിചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img